മുൻ നിയമസഭ തിരഞ്ഞെടുപ്പിന് അപേക്ഷിച്ച് സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ കുറവ്.
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള (Assembly Election 2026) നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള കാലാവധി അവസാനിച്ചതോടെ മത്സരരംഗത്തെ അന്തിമ ചിത്രം തെളിഞ്ഞു. ഇത്തവണ ആകെ 2125 പത്രികകളാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. പ്രാഥമിക ഘട്ടത്തിൽ 1254 സ്ഥാനാർത്ഥികളുണ്ടായിരുന്നെങ്കിലും സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ എണ്ണം 985 ആയി കുറഞ്ഞു. പിന്നീട് 95 പേർ കൂടി പത്രിക പിൻവലിച്ചതോടെ, ആകെ 890 സ്ഥാനാർത്ഥികളാണ് 140 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് (Kerala assembly election candidates 2026). 2021-ൽ 957 സ്ഥാനാർത്ഥികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 67 പേരുടെ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്.
13 പേർ മത്സരിക്കുന്ന കൊടുവള്ളിയാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ള മണ്ഡലം. പേരാവൂർ, മഞ്ചേശ്വരം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 11 സ്ഥാനാർത്ഥികൾ വീതവും; നേമം, ചങ്ങനാശേരി, കളമശേരി, മണലൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ 10 പേർ വീതവും മത്സരിക്കുന്നു. ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ളത് (3 പേർ വീതം) ചവറ, കായംകുളം, കോങ്ങാട്, നാട്ടിക, മാനന്തവാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ്.
ജില്ലാ തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ തിരുവനന്തപുരത്ത് 105 പേരും, കൊല്ലത്ത് 60 പേരും, പത്തനംതിട്ടയിൽ 25 പേരും, ആലപ്പുഴയിൽ 49 പേരും, കോട്ടയത്ത് 60 പേരും മത്സരരംഗത്തുണ്ട്. ഇടുക്കിയിൽ 27, എറണാകുളത്ത് 87, തൃശൂരിൽ 78, പാലക്കാട് 70, മലപ്പുറത്ത് 96, കോഴിക്കോട് 102, വയനാട് 21, കണ്ണൂരിൽ 78, കാസർഗോഡ് 32 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ചിഹ്നങ്ങൾ അനുവദിച്ചതിനൊപ്പം സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങളിലും തീരുമാനമായി. വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രമയ്ക്ക് ഫുട്ബാളിന് പകരം ടെലിവിഷൻ ചിഹ്നമാണ് ലഭിച്ചത്. എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർത്ഥിയെ നിർത്തിയതിനാൽ എലത്തൂരിലെ എ.കെ. ശശീന്ദ്രന് സ്ഥിരം ചിഹ്നമായ ക്ലോക്ക് നഷ്ടമാവുകയും 'കൊമ്പു വിളിക്കുന്ന മനുഷ്യൻ' ചിഹ്നമായി ലഭിക്കുകയും ചെയ്തു.
അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്വതന്ത്രൻ ജി. സുധാകരന് തെങ്ങിൻ തോപ്പും, ബേപ്പൂരിലെ യു.ഡി.എഫ് സ്വതന്ത്രൻ പി.വി. അൻവറിന് ഗ്യാസ് സിലിണ്ടറുമാണ് ചിഹ്നം. അൻവറിന്റെ നാല് അപരന്മാരും മത്സരരംഗത്തുണ്ട്. തിരുവനന്തപുരത്ത് സി.എം.പിയുടെ സി.പി. ജോണിന് കപ്പലും, എൽ.ഡി.എഫ് സ്വതന്ത്രൻ സുധീർ കരമനയ്ക്ക് ക്യാമറയും അനുവദിച്ചു. പാലക്കാട്ടെ എൽ.ഡി.എഫ് സ്വതന്ത്രൻ എൻ.എം.ആർ റസാഖിന് ആപ്പിൾ ആദ്യം അനുവദിച്ചെങ്കിലും, പിന്നീട് അത് കുടം ആയി, അതും കഴിഞ്ഞ് രാത്രി എട്ടുമണിയോടെ അത് മാറ്റി മോതിരം കൊടുത്തു, തളിപ്പറമ്പിലെ സ്വതന്ത്രൻ ടി.കെ. ഗോവിന്ദന് ഗ്യാസ് സിലിണ്ടറുമാണ് ലഭിച്ചത്. കോവളത്തെ എൽ.ഡി.എഫ് സ്വതന്ത്രൻ ഭഗത് റൂഫസിന് മുന്തിരിയും പയ്യന്നൂരിലെ സ്വതന്ത്രൻ വി. കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോളും ചിഹ്നമായി നിശ്ചയിച്ചു.
More read നിയമസഭ 2026 : 1748 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു
More read നിയമസഭാ 2026 : പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു
More read Kerala Assembly Election 2026 : തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളവും
